ഇരിക്കൂര്‍ മണ്ഡലത്തില്‍ 828 കോടി രൂപയുടെ ജലവിഭവ പദ്ധതികള്‍ നടപ്പാക്കുമെന്ന് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന് പറഞ്ഞു. ഇരിക്കൂര്‍ മണ്ഡലം നവകേരള സദസ്സില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കൂടുതല്‍ ജലവിഭവ പദ്ധതികള്‍ നടപ്പാക്കുന്നതോടെ ഇരിക്കൂര്‍ മണ്ഡലം കൂടുതല്‍ മെച്ചപ്പെടും. ഇപ്പോള്‍ ഉയര്‍ന്ന് വരുന്ന വിവാദങ്ങള്‍ അനാവശ്യമാണ്. വികസന കാര്യത്തില്‍ കൂട്ടായ്മയോടെ മുന്നോട്ടുപോകും. മലയോരത്തെ കാര്‍ഷിക മേഖലയിലും മുന്നേറ്റമുണ്ടാക്കും. ഓരോ ഫയലും ഓരോ ജീവിതമാണെന്ന മുഖ്യമന്ത്രിയുടെ വാക്ക് പാലിച്ചാണ് എല്ലാ വകുപ്പുകളും മുന്നോട്ടുപോകുന്നതെന്നും മന്ത്രി വ്യക്തമാക്കി.
ഇരിക്കൂര്‍ മണ്ഡലം നവകേരള സദസ്സിലേക്ക് ജനപ്രവാഹം
ജനനായകരെ നേരില്‍ കാണാനായി ഇരിക്കൂര്‍ മണ്ഡലം നവകേരള സദസ്സിലേക്ക് ജനപ്രവാഹം. ശ്രീകണ്ഠപുരം ബസ്സ് സ്റ്റാന്‍ഡിന് സമീപത്തൊരുക്കിയ വേദിയിലേക്ക് സ്ത്രീകളും കുട്ടികളുമുള്‍പ്പെടെ ആയിരക്കണക്കിന് ആളുകളാണ് എത്തിച്ചേര്‍ന്നത്. ജില്ലയിലെ നാലാമത്തെ നവകേരള സദസ്സാണ് ഇരിക്കൂര്‍ മണ്ഡലത്തിലേത്.
കരഘോഷത്തോടെയും പുസ്തകം സമ്മാനിച്ചുമാണ് മുഖ്യമന്ത്രിയെയും മന്ത്രിമാരെയും സ്വീകരിച്ചത്.
പൊതുജനങ്ങള്‍ക്ക് പരാതി നല്‍കാനായി സജ്ജീകരിച്ച 10 കൗണ്ടറുകളില്‍ നിന്നായി 2493 പരാതികള്‍ ലഭിച്ചു. ഉച്ചക്ക് രണ്ടു മണിക്ക് പ്രവര്‍ത്തനം ആരംഭിച്ച കൗണ്ടറുകള്‍ രാത്രി 8.30 വരെ പ്രവര്‍ത്തിച്ചു. ഭിന്നശേഷിക്കാര്‍, മുതിര്‍ന്ന പൗരന്മാര്, സ്ത്രീകള്‍ എന്നിവര്‍ക്കായി രണ്ടുവീതം കൗണ്ടറുകളും നാല് ജനറല്‍ കൗണ്ടറുകളുമാണ് ഒരുക്കിയത്. ടോക്കണ്‍ സംവിധാനം ഒരുക്കിയിരുന്നു.
ഇരിക്കൂര്‍ മണ്ഡലത്തിന്റെ വികസനം സംബന്ധിച്ച നിവേദനം സംഘാടക സമിതി ചെയര്മാന് റവ. ഫാ. ജോസഫ് കാവനാടിയില്‍ മുഖ്യമന്ത്രിക്ക് നല്കി.
ലളിതകലാ അക്കാദമി വൈസ് ചെയര്മാന് എബി എന്‍ ജോസഫിന്റെ നേതൃത്വത്തിലുള്ള ജില്ലക്ക് അകത്തും പുറത്തുമുള്ള ഏഴ് ചിത്രകാരന്മാര് വരച്ച ചിത്രങ്ങള്‍ മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കും ഉപഹാരമായി നല്കി.
കയ്യടികളോടെയാണ് മുഖ്യമന്ത്രിയെയും മന്ത്രിമാരെയും ഇരിക്കൂര്‍ യാത്രയാക്കിയത്. തുടര്‍ന്ന് അതുല്‍ നറുകരയുടെയും അനീഷ് പൂന്തോടന്റെയും നേതൃത്വത്തില്‍ ഗാനമേളയും സതീശന് മൂവാറ്റുപുഴയുടെ മിമിക്രിയും നടന്നു.